ന്യൂഡൽഹി: രാജ്യത്തെ സ്വകാര്യ എണ്ണ കമ്പനിയായ നയാര എനർജി പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് അഞ്ച് രൂപയും ഡീസൽ ലിറ്ററിന് മൂന്ന് രൂപയുമാണ് വർധിപ്പിച്ചത്. റഷ്യൻ ക്രൂഡോയിൽ വിതരണത്തിലുണ്ടായ മാറ്റങ്ങളും ആഗോള വിപണിയിലെ പ്രതിസന്ധികളും ചൂണ്ടിക്കാണിച്ചാണ് ഈ വില വർധനവ്.
പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവ ഇന്ധനവില മാറ്റമില്ലാതെ തുടരുമ്പോഴാണ് സ്വകാര്യ മേഖലയിലെ പ്രധാന കമ്പനിയായ നയാര വില കൂട്ടിയിരിക്കുന്നത്. വില വർധന പ്രാബല്യത്തിൽ വന്നതോടെ രാജ്യത്തുടനീളമുള്ള നയാരയുടെ ഇന്ധന പമ്പുകളിൽ പെട്രോളിനും ഡീസലിനും കൂടുതൽ തുക നൽകേണ്ടി വരും.
രാജ്യത്ത് അയ്യായിരത്തിലധികം ഇന്ധന ഔട്ട്ലെറ്റുകൾ പ്രവർത്തിപ്പിക്കുന്ന കമ്പനിയാണ് നയാര എനർജി. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില വർധിക്കുന്നത് മൂലം ഉണ്ടാകുന്ന നഷ്ടം നികത്തുന്നതിനാണ് വില വർധിപ്പിച്ചതെന്ന് കമ്പനി വ്യക്തമാക്കുന്നു. സ്വകാര്യ കമ്പനിയുടെ ഈ തീരുമാനം മറ്റ് ഇന്ധന വിതരണക്കാരെയും സ്വാധീനിക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.